അബുദാബി: ഇന്നലെ രാത്രിയില്‍ ആരംഭിച്ച മഞ്ഞുവീഴ്ച ഇന്ന് രാവിലെയും തുടരുന്നു. രാവിലെ ഈര്‍പ്പമുള്ള കാലാവസ്ഥയാണെങ്കിലും ഉച്ചയോടെ താപനില ഉയരും. പുലര്‍ച്ചെ താപനില 14 ഡിഗ്രി വരെ താഴുകയുണ്ടായി. യുഎഇയുടെ ദ്വീപ് ഭാഗങ്ങളും ചില തീരപ്രദേശങ്ങളും പടിഞ്ഞാറന്‍ പ്രദേശങ്ങളും ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം.ഇന്ന് പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. പര്‍വതപ്രദേശങ്ങളോട് ചേര്‍ന്ന ഭാഗങ്ങളിലാണ് മൂടല്‍മഞ്ഞ് കൂടുതല്‍ ശക്തം. രാത്രിയില്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച നാളെ രാവിലെ വരെയുണ്ടാവും. പിന്നീട് താപനിലയില്‍ വര്‍ധനവുണ്ടാകും.ഇന്ന് തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്കന്‍ വരെയുള്ള ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ കാറ്റുണ്ടാവും. ചില സമയങ്ങളില്‍ അത് ഉന്മേഷദായകമായിരിക്കും. ശരാശരി 10-20 വേഗതയില്‍ അനുഭവപ്പെടുന്ന കാറ്റിന്റെ വേഗത പരമാവധി മണിക്കൂറില്‍ 30 കി.മീ വരെ ആയിരിക്കും. അറേബ്യന്‍ കടലിടുക്കിലും ഒമാന്‍ കടലിലും നേരിയ ചുഴലിക്കാറ്റ് രൂപപ്പെടും.രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ താപനില 14 ഡിഗ്രി സെല്‍ഷ്യസായി കുറയുകയും ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുകയും ചെയ്യും. ദ്വീപുകളിലും ചില വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളിലും ഇന്ന് രാത്രിയും ബുധനാഴ്ച രാവിലെയും ചില സമയങ്ങളില്‍ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും.നാളെ ദ്വീപുകളിലും ചില തീരപ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചില സമയങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാവും. മറ്റിടങ്ങളില്‍ അനുകൂല താപനിലയും ചില സമയങ്ങളില്‍ ഉന്മേഷദായകമായ കാറ്റും അനുഭവപ്പെടും. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 40 കി.മീ ആയിരിക്കും. നാളെ അറേബ്യന്‍ കടലിടുക്കും ഒമാന്‍ കടലും പൊതുവെ ശാന്തമായിരിക്കുമെങ്കിലും ചിലപ്പോള്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമാവുകയും ചെയ്യും.രാജ്യത്ത് ചൂട് വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയെങ്കിലും മഴയിലൂടെ മറ്റൊരു ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിവാസികള്‍. മാര്‍ച്ച് അവസാന 10 ദിവസങ്ങളില്‍ രാജ്യത്തുടനീളം മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. തീരപ്രദേശങ്ങളില്‍ നേരിയ മഴ (10 മില്ലീമീറ്ററിനും 40 മില്ലീമീറ്ററിനും ഇടയില്‍) പ്രതീക്ഷിക്കുന്നു. ഉള്‍പ്രദേശങ്ങളില്‍ കനത്ത മഴ (50 മില്ലീമീറ്ററിനും 80 മില്ലീമീറ്ററിനും ഇടയില്‍) യുണ്ടാവുമെന്നാണ് പ്രവചനം. ഈ മാസം അവസാനത്തോടെ അബുദാബിയില്‍ വ്യത്യസ്ത തീവ്രതയില്‍ മഴ പ്രതീക്ഷിക്കാം. ദുബായിലും ഷാര്‍ജയിലും തീരപ്രദേശങ്ങളിലും 15 മില്ലീമീറ്ററിനും 50 മില്ലീമീറ്ററിനും ഇടയില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.
Morning dew; The temperature will drop to 14 degrees and there will be light rain at many places